
യുവതിയെ ഓടുന്ന കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ഒരു സ്വകാര്യ ഐടി കമ്പനിയുടെ സിഇഒ, അതേ സ്ഥാപനത്തിലെ വനിതാ ഉദ്യോഗസ്ഥ, ഇവരുടെ ഭർത്താവ് എന്നിവരാണ് കേസിലെ പ്രതികൾ. ഡിസംബർ 20നാണ് മദ്യലഹരിയിലായിരുന്ന യുവതിയെ മൂന്നുപേരും കാറിനുള്ളിൽവെച്ച് ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
ഒരു പിറന്നാൾ ആഘോഷത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പാർട്ടിക്കിടെ അമിതമായി മദ്യപിച്ച യുവതിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ കാറിൽ കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി.യാത്രയ്ക്കിടയിൽ യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നൽകുകയും, അതിന്റെ ഉപയോഗത്തെ തുടർന്ന് അവർ അബോധാവസ്ഥയിലാകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് യുവതിക്ക് വ്യക്തമായ ബോധമുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ശരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് ലൈംഗിക പീഡനത്തിന് ഇരയായതായി അവർ തിരിച്ചറിഞ്ഞത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.











